സ്കൂൾ വാർഷിക റിപ്പോർട്ട്

സ്കൂൾ വാർഷിക റിപ്പോർട്ട്

2010 ജൂൺ 11

പ്രിയപ്പെട്ട രക്ഷിതാക്കളെ, സഹപ്രവർത്തകരെ,

ഈ പി.ടി.എ ജനറൽ ബോഡിയിൽ കഴിഞ്ഞവർഷം നടന്ന സ്കൂൾ പ്രവർത്തനങ്ങളുടെ പൊതു റിപ്പോർട്ടും കണക്കും അവതരിപ്പിക്കുകയാണ്. നിങ്ങളുടെ ചർച്ചക്കും വിലയിരുത്തലിനും ശേഷം വേണ്ട കൂട്ടിച്ചേർക്കലുകളോടെ ഇത് പാസാക്കേണ്ടതുണ്ടെന്ന ആമുഖത്തോടെ തുടങ്ങുകയാണ്.

ആമുഖം

വളരെ തിരക്കുപിടിച്ച ഒരു വിദ്യാഭ്യാസവർഷത്തിലൂടെയാണ് നാം കടന്നു പോന്നത്.കുട്ടികളും രക്ഷിതാക്കളും അധ്യാപകരും എല്ലാം തന്നെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ ഉണ്ടാക്കിയെടുക്കാൻ പണിപ്പെടുകയായിരുന്നു. മികവ് പലപ്പോഴും കണക്കാക്കുന്നത് എസ്.എസ്.എൽ.സി.. റിസൾട്ടിലൂടെയാണല്ലോ. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 2 ശതമാനം കുറവോടെയാണെങ്കിലും 81 ശതമാനം വിജയം നാം നേടിയെടുത്തു. കഴിഞ്ഞവർഷാരംഭത്തിൽ നാം രക്ഷിതാക്കളും അധ്യാപകരും ലക്ഷ്യം വെച്ചത് 100 ശതമാനം വിജയം ആയിരുന്നു.  കുട്ടികളാകട്ടെ അതു സാധ്യമാക്കാൻ വേണ്ട തയ്യാറെടുപ്പിലുമായിരുന്നു. ഇതു വെറുമൊരു വ്യാമോഹമായിരുന്നില്ല. കഴിഞ്ഞകാലങ്ങളിലെ മികവും അധ്വാനവും ഈ ലക്ഷ്യത്തിലേക്ക് നമ്മെ എത്തിക്കുമെന്ന് ഉറപ്പാ‍യിരുന്നു.

വർഷം                   വിജയശതമാനം

2004 17
2005 27
2006 34
2007 54
2008 74
2009 85
2010 81

17 ശതമാനത്തിൽ നിന്നുള്ള തുടർച്ചയായ വിജയം തീർച്ചയായും നമ്മെ 100 ശതമാനത്തിലെത്തിക്കണമായിരുന്നു.

ഈ വർഷം 147 കുട്ടികളാണ് പരീക്ഷക്കിരുന്നത്. ഇതിൽ വിജയം ഇങ്ങനെയാണ്

SSLC RESULT 2010

SSLC RESULT-2010
TOTAL RESULT 81%
SUB PASS %
MAL 1 100
MAL 2 100
ENG 97
HIN 99
SS 87
PHY 93
CHE 85
BIO 97
MTH 98
IT 100
TOTAL 81

മലയാളം,സംസ്കൃതം, ഉർദു, വിഷയങ്ങളിലും, ഐ.ടി.യിലും 100 ശതമാനം പേരും വിജയിച്ചു.കണക്കിലും ഹിന്ദിയിലും 100 നടുത്തെത്തി. ഇംഗ്ലീഷും ഫിസിക്സും ബയോളജിയും ഒപ്പം നിന്നു. 90 ശതമാനത്തിൽ കുറവുണ്ടായ കെമിസ്‌ട്രിയും സൊഷ്യൽ സയൻസും കുട്ടികളെ വല്ലാതെ ബുദ്ധിമുട്ടിച്ചു. സംസ്ഥാനത്തൊട്ടാകെ നോക്കിയാലും ഈ രണ്ടു വിഷയങ്ങൾ തന്നെയാണ് പ്രയാസം ഉണ്ടാക്കിയത്. ഒന്നൊ രണ്ടൊ വിഷയങ്ങൾ മാത്രം പോയ 18 കുട്ടികൾ ‘സേ’ പരീക്ഷയെഴുതീട്ടുണ്ട്. തീർച്ചയായും അവർക്കും വിജയം ഉറപ്പാണ്.തുടർന്ന് പഠിക്കാനുള്ള അവസരം അവർക്കും ഉണ്ടാകും.അതോടെ നമ്മുടെ വിജയ ശതമാനം 93% ആവും.

ഈ വിജയത്തിന്റെ കണക്കുകൾ തീർച്ചയായും ആദ്യമേ അറിയാൻ എല്ലാ‍ർക്കും താൽ‌പ്പര്യമുണ്ടാകുമെന്നതുകൊണ്ടാണ് ഇങ്ങനെ അവതരിപ്പിക്കുന്നത്. ഈ റിസ്ല്ട്ടിലെത്തിയ വഴികളാണു നാം തുടർന്ന് ചർച്ചയിൽ കൊണ്ടുവരേണ്ട വസ്തുതകൾ.അതിലുള്ള അപാകതകൾ കണ്ടെത്തി തിരുത്തിയാൽ മാത്രമേ അടുത്ത വർഷം മുഴുവൻ പേരും ജയിക്കുന്ന ഒരവസ്ഥ ഉണ്ടാവൂ.100 ശതമാനത്തിൽ നിന്നൊരിക്കലും നമുക്ക് പിന്നോട്ടുപോകാൻ വയ്യ. നമ്മുടെ റിപ്പോർട്ടും നിരീക്ഷണങ്ങളും ഒക്കെ വിലപ്പെട്ടെതെങ്കിലും അതുപോലെ പ്രധാനപ്പെട്ടതാണ് കഴിഞ്ഞവർഷത്തെ കുട്ടികളുടെ അനുഭവങ്ങളും വിലയിരുത്തലുകളും.നമ്മുടെ അയൽ‌പ്പക്കക്കാരായ ആ കുട്ടികളുമായുള്ള സംഭാഷണങ്ങളിൽ നിന്ന് അതൊക്കെ സ്വരൂപിക്കേണ്ട ചുമതല നിങ്ങൾ രക്ഷിതാക്കൾ സ്വയം ഏറ്റെടുക്കേണ്ടതുണ്ട്.ഒരു നിമിഷമ്പോലും പാഴാക്കതെ അവർ ചെയ്തുകൂട്ടിയ പഠനപ്രവർത്തനങ്ങളുടെ അളവ് വളരെ വലുതാണ്.ആ രക്ഷിതാക്കൾ ചെയ്തുകൊടുത്ത സഹായസഹകരണങ്ങളും.

ക്ലാസ്‌റൂം പ്രവർത്തനങ്ങളും അച്ചടക്കവും

5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസുകളിലും വളരെ അച്ചടക്കത്തോടുകൂടിയ പഠനപ്രവർത്തനങ്ങൾ നടത്താൻ നമ്മുടെ അധ്യാപകർ ശ്രദ്ധിച്ചിട്ടുണ്ട്. പുതിയ വിദ്യാഭ്യാസരീതികൾ സ്വായത്തമാക്കിയ അധ്യാപകർ പ്രക്രിയാധിഷ്ടിതമായ പഠനപ്രവർത്തനങ്ങൾ നൽകിപ്പോന്നിട്ടുണ്ട്. ഇതു എടുത്തുപറയുന്നത് പഠിക്കുന്നതോടൊപ്പം എങ്ങനെ പഠിക്കണമെന്നതും കൂടിയാണ് കുട്ടികൾക്ക് കിട്ടുന്നത് എന്നു സൂചിപ്പിക്കാനാണ്.. പരീക്ഷ പാസ്സാക്കൽ മാത്രമായിരുന്നു ലക്ഷ്യമെങ്കിൽ മറ്റുപല സ്കൂളുകളും ചെയ്യുന്നപോലെ കുറേ ചോദ്യോത്തരങ്ങൾ മന:പ്പാഠമാക്കിച്ച് വിട്ടാൽ മതിയായിരുന്നു. വളരെ കൃത്രിമമായി കുട്ടിയെ ജയിപ്പിച്ചെടുക്കുന്ന ഒരു ചൊട്ടുവിദ്യയും നമ്മുടെ ക്ലാസുകളിൽ ഉണ്ടായില്ലെന്നത് അഭിമാനകരം തന്നെയാണ്. പരീക്ഷക്കു തൊട്ടുമുൻപുള്ള മണിക്കൂറിൽ പോലും എന്തെകിലും പഠിപ്പിച്ചത് കൃത്രിമമായ വിജയം മുന്നിൽ കണ്ടല്ലായിരുന്നു. അതുകൊണ്ടുതന്നെ കുട്ടിക്ക് തുടർന്നും സ്വയം പഠിക്കാനും അറിവ് നിർമ്മിക്കാനുമുള്ള വിദ്യ കൈവശമാണ്. ജയിച്ചവരൊക്കെ  നന്നായി ജയിച്ചവരാണ്. പഠിച്ചുറച്ചവരാണ്. ഏതിടവഴിയിൽ വെച്ച് ചോദിച്ചാലും അവർ പഠിച്ചതൊക്കെ പ്രവർത്തനത്തിൽ കാണിച്ചു തരും!പരീക്ഷ കഴിഞ്ഞിട്ടും അവർ ക്ലാസ്മുറിയിൽ തന്നെ നിലനിൽക്കുന്നു.

രാവിലെ 10 മുതൽ 12.30 വരെയും തുടർന്ന് 1.45 മുതൽ 3.30 വരെയും ആയിരുന്നു സാധാരണ ക്ലാസുകൾ. 3.30 മുതൽ 5 മണിവരെ എസ്.എസ്.എൽ.സി.ക്കാർക്കും 7ആം ക്ലാസുകാർക്കും പഠനം ഉണ്ടായിരുന്നു. നവമ്പർ പകുതിയോടെ എസ്.എസ്.എൽ.സി.ക്കാർക്ക് രാത്രി 9.30 വരെ ക്ലാസുകൾ നടന്നു. ശനി ഞായർ ദിവസങ്ങൾ  പോലും കുട്ടികൾക്ക് ക്ലാസുകൾ ഉണ്ടായിരുന്നു. ഇടവേളയില്ലാത്ത പഠനം ആദ്യമാദ്യം കുട്ടികൾക്ക് പ്രയാസം ഉണ്ടാക്കിയെങ്കിലും തുടർന്നതിൽ അവർ വലിയ ആഹ്ലാദം കണ്ടത്തി. അധ്യാപകർ കുട്ടികൾക്കൊപ്പം സദാസമയവും ഉണ്ടായിരുന്നു.

എല്ലാ ക്ലാസുകളിലും സമയബന്ധിതമായി പഠനം നടന്നു. ചെറിയ വീഴ്ച്ചകൾ ഇല്ലെന്നല്ല.അധ്യാപിക ക്ലാസിൽ വന്നില്ല പഠിപ്പിച്ചില്ല; മാഷ് ഒന്നും പഠിപ്പിച്ചില്ല; മാഷ് പഠിപ്പിച്ചതൊന്നും മനസ്സിലാവുന്നില്ല; പാഠങ്ങൾ പൂർത്തിയാക്കിയില്ല; ….  തുടങ്ങിയ പരാതികൾ ഉണ്ടായിട്ടില്ലെന്നല്ല. അതെല്ലാം രക്ഷിതാക്കളടക്കം ഇടപെട്ട് പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്.അധ്യാപകർ പൂർണ്ണമായി സഹകരിച്ചിട്ടുണ്ട്. കുട്ടികളുടെ ഭാഗത്ത്നിന്ന് സംസ്കാരസമ്പന്നമായ പെരുമാറ്റം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഗൌരവമായ അച്ചടക്ക ലംഘനങ്ങൾ ഉണ്ടായില്ല. ഉണ്ടായവ പി.ടി.എ. എക്സിക്യൂട്ടിവിന്റെ സഹായത്തോടെ അപ്പപ്പോൾ  പരിഹരിച്ചിട്ടുമുണ്ട്.

ക്ലബ്ബുകൾ

വിദ്യാരംഗം, ഗണിതം, ചരിത്രം, ശാസ്ത്രം തുടങ്ങിയ ക്ലബ്ബുകൾ നന്നയി പ്രവർത്തിച്ചിട്ടുണ്ട്. ഈ ക്ലബ്ബുകളിലെ കുട്ടികൾ ഇതിന്റെയൊക്കെ സർട്ടിഫിക്കറ്റുകൾ അവരുടെ തുടർ പഠനത്തിന്നായി ശേഖരിച്ചു വച്ചിട്ടുണ്ട്. കഴിഞ്ഞ നിരവധി വർഷങ്ങളിലെ തുടർച്ചകളാണീ ക്ലബ്ബുകൾ. അതുകൊണ്ടുതന്നെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഇതിന്റെ പ്രവർത്തനങ്ങൾ തുടർച്ചകളാണ്. ചരിത്രക്ലബ്ബിന്റെ നാട്ടുചരിത്ര ഗവേഷണം ജില്ലാ പഞ്ചായത്ത് ‘നാടിന്റെ നാൾവഴികൾ’ എന്ന പേരിൽ പുസ്തകമാക്കീട്ടുണ്ട്.

വിദ്യാരംഗം പ്രവർത്തനങ്ങൾ “ജാലകം” എന്ന പത്രം, വിവിധ മത്സരങ്ങൾ എന്നിവയിലൂടെ നന്നായി നടന്നിട്ടുണ്ട്. സബ്ജില്ല, ജില്ല സംസ്ഥാന തലങ്ങളിൽ നമ്മുടെ വിദ്യാരംഗം കുട്ടികൾ തിളങ്ങി നിന്നു.

ഉച്ചഭക്ഷണം

സർക്കാരിന്റെ മുൻകയ്യോടെ ഇന്നു എല്ലാ സ്കൂളുകളിലും ഉച്ചഭക്ഷണം ഉണ്ട്. നമ്മുടെ സ്കൂളിൽ 5 മുതൽ 10 വരെ യുള്ള കുട്ടികൾക്ക് മുഴുവൻ നാം ഉച്ചഭക്ഷണം നൽകുന്നുണ്ട്. പോഷകാഹാരപ്രധാനമായ ഭക്ഷണം-മുട്ട, പഴം എന്നിവയും നൽകുന്നുണ്ട്. ഒരു വലിയ സംഘം അധ്യാപകരുടെ കൂട്ടായ പ്രയത്നം ഇതിന്ന് പിന്നിലുണ്ട്.

വിനോദ- പഠനയാത്രകൾ

വിനോദയാത്രകളും പഠനയാത്രകളും വിദ്യാഭ്യാസത്തിന്റെ ഭാഗം തന്നെ. കേവലം വിനോദപ്രധാനമായ യാത്രകൾ ഒരു അര ഡസനെങ്കിലും നമ്മുടെ സ്കൂളിൽ നടന്നിട്ടുണ്ട്. പഠനപ്രധാനമായ യാത്രകളും ഉണ്ടായി. പട്ടാമ്പി നെല്ലുഗവേഷണകേന്ദ്രം, കോഴിക്കൊട് ജലവിഭവ ഗവേഷണ കേന്ദ്രം , നിലമ്പൂർ തേക്ക് മ്യൂസിയം,എന്നിവയിലേക്കുള്ള യാത്രകൾ വളരെ ഫലം ചെയ്തു.

സാഹിത്യകാരന്മാരെ തേടിചെന്നു അവരുമായി സംസാരിക്കുന്ന പരിപാടികൾ നാം നേരത്തെ ആരംഭിച്ചിരുന്നു. പത്താം ക്ലാസിലെ ‘മേഘരൂപൻ’ എന്ന കവിത എഴുതിയ ശ്രീ ആറ്റൂർ രവിവർമ്മ, വ്യാകരണഭാഗങ്ങൾ എഴുതിയ പ്രൊ.പി.നാരായണമേനോൻ, കവിയായ അക്കിത്തം അച്യുതൻ നമ്പൂതിരി, വി.ടി.ഭട്ടതിരിപ്പാടിന്റെ മകൻ വി.ടി.വാസുദേവൻ , ‘പാത്തുമ്മയുടെ ആട്’ എന്ന നോവൽ രചിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ സഹധർമ്മിണി ഫാബി ബഷീർ എന്നിവരെ നമ്മുടെ കുട്ടികൾ നേരത്തെ ചന്നു കണ്ടിരുന്നു. ഇക്കൊല്ലം മേലാറ്റൂർ രാധാകൃഷ്ണൻ മാഷ്, മാപ്പിളപ്പാട്ടുകവിയായ ഓ.എം.കരുവാരക്കുണ്ട് എന്നിവരുമായി നമ്മുടെ കുട്ടികൾ കുറേ സമയം ചെലവഴിച്ചു.

സഹവാസക്യാമ്പ്

2009 ഡിസമ്പർ 12,13 തീയതികളിൽ എസ്.എസ്.എൽ.സി.കുട്ടികൾക്കായി സഹവാസക്യാമ്പ് നടത്തി. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയായിരുന്നു അത്. മുഴുവൻ കുട്ടികളും പങ്കെടുത്ത ക്യാമ്പ് ഉള്ളടക്കം കൊണ്ട് വളരെ ഫലപ്രദമായി. പഠിച്ച പാഠങ്ങളിലൂടെയുള്ള ഒരോട്ടപ്രദക്ഷിണം തുടർപഠനങ്ങൾക്ക് സഹായം ചെയ്തു. ഈ വർഷവും നമുക്കിത് ചെയ്യേണ്ടതുണ്ട്.

അധ്യാപകശാക്തീകരണം

അധ്യാപക ശക്തീകരണത്തിന്റെ ഭാഗമായി സർക്കാർ ചെയ്തുവരുന്ന പ്രവർത്തനങ്ങളിൽ നമ്മുടെ അധ്യാപകർ പങ്കെടുത്തു.ക്ലസ്റ്റർ യോഗങ്ങളിൽ നമ്മുടെ പങ്കാളിത്തം വളരെ മെച്ചപ്പെട്ടതായിരുന്നു. അതിൽ എസ്.വി.രാമനുണ്ണി,കെ.സി.ഗോപകുമാർ, കെ.വിജയൻ, എ.കെ.മനോജ്കുമാർ എന്നിവർ അധ്യാപക പരിശീലകരായി ജില്ലയിൽ മുഴുവൻ പ്രവർത്തിച്ചു.

സ്കൂൾ തലത്തിൽ ഓരോ വിഷയങ്ങളുടെയും കൌൺസിലുകൾ പലവട്ടം കൂടിയിരുന്നു. എസ്.ആർ.ജി.യോഗങ്ങൾ നന്നായി നടത്താനും തീരുമാനങ്ങളെടുത്ത് നടപ്പാക്കനും കുറേയൊക്കെ സാധിച്ചിട്ടുണ്ട്.

ഇതിനു പുറമേ ഇൻസൈറ്റ്-2009 പരിപാടി യു.പി.അധ്യാപകരുടെ ശാക്തീകരണത്തിന്നായി പ്രയോജനപ്പെട്ടു. ഡോ.എ.പി.ജയരാമൻ ഒരു ദിവസം മുഴുവൻ നമ്മുടെ അധ്യാപകരോടൊപ്പം ഉണ്ടായിരുന്നു. യു.പി.അധ്യാപകർ കമ്പ്യൂട്ടറിൽ പരിശീലനം നേടുന്നതിന്നായി ഒരു പാട് സമയം ഉപയോഗിച്ചിട്ടുണ്ട്.

സ്വയം വിലയിരുത്തുന്നതിന്നും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്നും ഗോപകുമാരൻ മാസ്റ്ററുടെ നേതൃത്വത്തിൽ മനശ്ശാസ്ത്ര തല സമീപനക്ലാസുകൾ ഗുണം ചെയ്തു. ഇതു കുട്ടികൾക്കും അധ്യാപകർക്കും പ്രയോജനം ചെയ്തു.

സ്വയം പഠിക്കാനും സ്വയം പ്രവർത്തനങ്ങൾ സങ്കൽ‌പ്പനം ചെയ്യാനും വേണ്ട കഴിവുകൾ നമ്മുടെ അധ്യാപകർ ഇനിയും നേടേണ്ടതുണ്ട്. ഓരോ മാഷും ഓരോ ‘സ്കൂളായി‘ മാറുന്ന രീതിയിൽ വളരാനുള്ള പദ്ധതികൾ കഴിഞ്ഞ മാർച്ച് 29 സ്റ്റാഫ് യോഗത്തിൽ ചർച്ചചെയ്തു കഴിഞ്ഞു.തുടർന്ന് ദിവസങ്ങളിൽ ഇതെല്ലാം നടപ്പാക്കേണ്ടതുണ്ട്.

സ്കൂളും സമൂഹവുമായുള്ള ബന്ധം കുറേകൂടി ഫലപ്രദമാക്കാൻ ശ്രമിക്കണം. ഇതിന്നായി കുട്ടികളുടെ ഗൃഹസന്ദർശനവും കുട്ടികൾ തന്നെ മുൻ‌കയ്യെടുത്ത് ചെയ്യുന്ന ബോധവത്ക്കരണ പ്രവർത്തനങ്ങളും ഉണ്ട്. പ്രാദേശിക പഠനകേന്ദ്രങ്ങൾ സജീവമാക്കണം.

പി.ടി.എ കൾ

ഒരു സ്കൂളിന്റെ നിലവാരം മെച്ചപ്പെടുന്നത് കുട്ടികൾക്കും അധ്യാപകർക്കുമൊപ്പം രക്ഷിതാക്കൾ കൂടി സജീവമായി ഇടപെടുമ്പോഴാണ്. നമ്മുടെ ജനറൽ പി.ടി.എ യും ക്ലാസ് പി.ടി.എ യും ഒക്കെ ഇതിന്റെ തുടക്കമായിരുന്നു. രക്ഷിതാക്കളുടെ സാന്നിധ്യം മാത്രമല്ല, അവരുടെ ഇടപെടൽകൂടിയാണ് ഇതു സാധിതമാക്കുന്നത്. സാമാന്യമായി നോക്കിയാൽ 40-45 ശതമാനം രക്ഷിതാക്കൾ മാത്രമാണ് കുറേയെങ്കിലും ഈ നിലവാരത്തിൽ പ്രവർത്തിക്കുന്നത്. അതിൽ തന്നെ അമ്മമാരാണ് മുന്നിൽ നിൽക്കുന്നത്. തീർച്ചയായും കുട്ടിയുടെ വളർച്ചയിൽ അമ്മക്ക് തന്നെയാണ് മു‌ൻകയ്യെങ്കിലും മുഴുവൻ രക്ഷിതാക്കളുടേയും പങ്ക് ഉണ്ടായേ തീരൂ. കുട്ടിയുടെ പഠനത്തിലും വിജയത്തിലും മുഴുവൻ കുടുംബാഗങ്ങൾക്കും വലിയ പങ്കുണ്ട്. വിദ്യാഭ്യാസം സ്കൂളിൽ മാത്രമല്ല; കുടുംബത്തിലും സമൂഹത്തിലും കൂടിയാണ്.

രക്ഷിതാക്കളുടെ ഇടപെടൽ ശേഷി കുറയുന്നതിന്നുള്ള ഒരു കാരണം അവരുടെ സാമ്പത്തികവും സാമൂഹ്യവുമായ പിന്നോക്കാവസ്ഥതന്നെയാണ്. തീരെ ദരിദ്ര വിഭാഗത്തിൽ നിന്നുള്ള കുട്ടികളാണ്  നമ്മുടെ സ്കൂളിൽ ബഹുഭൂരിപക്ഷവും. ഇതു ഒരു ദൂഷിതവലയം സൃഷ്ടിക്കുന്നു. ദാരിദ്രം വിദ്യാഭ്യാസം കുറയൂകയും അതു ദാരിദ്രം വർദ്ധിപ്പിക്കുകയും ചെയ്യും.

ദാരിദ്രവും സാമൂഹ്യമായ പിന്നോക്കാവസ്ഥയും മാറണമെങ്കിൽ വിദ്യാഭ്യാസകാര്യങ്ങളിൽ നാം മുന്നേറിയേ സാധിക്കൂ. ഈ ദൂഷിതവലയം തിരിച്ചറിഞ്ഞ് മുറിച്ചെറിയേണ്ടത് രക്ഷിതാക്കൾ തന്നെയാണല്ലോ.കഴിഞ്ഞ എസ്.എസ്.എൽ.സി.പരീക്ഷയിൽ തോറ്റുപോയ  കുട്ടികളുടെ കഥ ഇതിന്നുദാഹരണമായി പറയാം.

രക്ഷിതാക്കൾക്കിതിൽ ചെയ്യാനാവുന്ന പ്രധാനപ്പെട്ട സംഗതി ഈ സത്യം തിരിച്ചറിയുക എന്നതു തന്നെയാണ്. തന്റെ പിന്നോക്കാവസ്ഥക്ക് പല കാരണങ്ങളിൽ പ്രധാനപ്പെട്ടത് തന്റെ വിദ്യാഭ്യാസപരമായ പോരായ്മകളാ‍ണെന്നും തന്റെ കുട്ടികൾക്ക് ഇതിൽ നിന്നു കരകയറാൻ കൂടുതൽ മികച്ച വിദ്യാഭ്യാസം ലഭിക്കുകയാണെന്നും മനസ്സിലാവണം. മറ്റെന്തു പ്രശ്നങ്ങളുണ്ടെങ്കിലും തന്റെ കുട്ടിയുടെ സ്കൂൾ കാര്യത്തിൽ കുറേകൂടി ശ്രദ്ധ ഉണ്ടാവണമെന്നും തീരുമാനിക്കുകയാണ്. അതിന്നായി കുറച്ചുകൂടി സമയം കണ്ടെത്തുകയാണ്.തന്നെക്കാൾ മികച്ച ജീവിത നിലവാരം തന്റെ കുട്ടിക്ക് ഉണ്ടാകണമെന്ന ആഗ്രഹമാണ്. അതുള്ളിൽ വെച്ചുള്ള പ്രവർത്തനമാണ്.

അതിഥി ക്ലാസുകൾ

നമ്മുടെ ക്ഷണം സ്വീകരിച്ചു വന്ന് കുട്ടികൾക്ക് ക്ലാസെടുത്തുകൊടുത്ത കുറേ അധ്യാപകരുണ്ട്. സാധാരണക്കാരാ‍യ ആളുകളുടെ കുട്ടികൾ പഠിക്കുന്ന നമ്മുടേതുപോലുള്ള വിദ്യാലയങ്ങൾ മെച്ചപ്പെടണമെന്നു മാത്രമായിരുന്നു അവർക്ക് ആവേശം. നമ്മുടെ അധ്യാപകരുടെ പുറം ലോക പരിചയവും, അവരെ കുറിച്ചു പുറത്തുള്ള അധ്യാപകർക്കുള്ള മതിപ്പും മാത്രമാണ് ഇവർ ഇവിടെ വരാനും നമ്മുടെ കുട്ടികൾക്കു വേണ്ടി അദ്ധ്വാനിക്കാനും സന്നദ്ധത ഉണ്ടാക്കിയത്.കുട്ടികൾക്കാവട്ടെ പുതിയൊരു മുഖം കാണുന്നതിലെ സന്തോഷവും അവരുടെ മുന്നിൽ തങ്ങൾ മോശക്കാരല്ലെന്നു തെളിയിക്കാനുള്ള ആവേശവും വളരെ ഗുണം ചെയ്തു. അതിഥികളായെത്തിയ അദ്ധ്യാപകർ നമ്മുടെ കുട്ടികളെ കുറിച്ചു പറഞ്ഞ നല്ല വാക്കുകൾ അവരെ ‘എടുത്തുവെച്ചപോലെ’ വളർത്തി. ആത്മവിശ്വാസം ഉണ്ടാക്കി.

ഇതിൽ പുലാപ്പറ്റ സ്കൂളിലെ വേണുമാഷ്, പത്തിരിപ്പാല സ്കൂളിലെ ശ്രീവത്സൻ മാഷ്, കല്ലടി സ്കൂളിൽ നിന്നും വിരമിച്ച വിജയകുമാരൻ മാഷ്, നമ്മുടെ തന്നെ രംഗനാഥൻ മാഷ്, കോട്ടോപ്പാടം സ്കൂളിലെ ബലരാമൻ മാഷ്, നെല്ലിപ്പുഴ സ്കൂളിലെ പ്രകാശൻ മാഷ് എന്നിവർ നമുക്കെന്നും ആദരണീയരാണ്. ഇവരൊക്കെതന്നെ തങ്ങളുടെ വിഷയങ്ങളിൽ ഏറെ പ്രഗത്ഭരാണ്. അവരുടെ പ്രാഗത്ഭ്യം നമ്മുടെ കുട്ടികൾക്ക് വലിയ അനുഗ്രഹം തന്നെയായി.ഈ അവസരത്തിൽ അവരോടൊക്കെയുള്ള നന്ദി പ്രകാശിപ്പിക്കുന്നു.

രാത്രിക്ലാസുകൾ

രാത്രിക്ലാസുകളും അവധിദിന ക്ലാസുകളും കുട്ടികൾക്ക് വലിയ ആവേശവും ഫലപ്രാപ്തിയും ഉണ്ടാക്കീട്ടുണ്ട്. നവമ്പർ മുതൽ നാം രാത്രി ക്ലാസുകൾ നടത്തി . രാത്രി ഭക്ഷണം ഒരുക്കി കുട്ടികളെ സ്വയം പഠിക്കാൻ അനുവദിച്ച്, പഠിച്ചുവെന്നുറപ്പുവരുത്തി നടത്തിയ ക്ലാസുകൾ നമ്മുടെ വിജയം ഉയർത്താൻ ഏറെ സഹായിച്ചു. ഇതു വിജയിപ്പിക്കാൻ തയ്യാറായ മുഴുവൻ അധ്യാപകരേയും അനുമോദിക്കണം.രാത്രി ക്ലാസുകളിൽ പങ്കെടുത്ത മുഴുവൻ കുട്ടികളും വിജയിച്ചു വെന്നതും നിസ്സാരമല്ല.അവധിദിന ക്ലാസുകൾ പെൺങ്കുട്ടികൾക്ക് മാത്രമായിരുന്നു. എത്ര സമയം വേണമെങ്കിലും ഇരിക്കാൻ തയ്യാറായ കുട്ടികളും അധ്യാപികമാരും നമുക്ക് വൻ വിജയം നൽകി.

പരീക്ഷകൾ!പരീക്ഷകൾ!

എസ്.എസ്.എൽ.സി പരീക്ഷക്ക് മുന്നോടിയായ പരിശീലന പരീക്ഷകൾ കുട്ടികൾക്ക് വളരെ ഫലം ഉണ്ടാക്കി. ക്ലാസ്ടെസ്റ്റുകൾ, ടേം പരീക്ഷകൾ, മാതൃകാപരീക്ഷകൾ തുടങ്ങി നൂറുകണക്കിന്ന് പരീക്ഷകൾ നമ്മുടെ കുട്ടികൾ എഴുതി. ഇതൊക്കെ തന്നെ ഉള്ളടക്കപരമായും ഘടനാ‍പരമായും കുട്ടിക്ക് ആത്മവിശ്വാസം പകർന്നു.പരീക്ഷ‌യെഴുതിശീലിച്ച കുട്ടിക്ക് ജയം എളുപ്പമായി.

കണക്ക്

പി.ടി.എ.കമ്മറ്റി അംഗങ്ങൾ

സർവശ്രീ:     റീന ഷർമിള  (പ്രസിഡന്റ്)

പി.നാസർ     (വൈസ് പ്രസിഡന്റ്)

ഹെഡ്മാസ്റ്റർ (സെക്രട്ടറി)

കെ.സി.ഗോപകുമാർ (ജോ.സെ)

കെ.വിജയൻ  (ട്രഷറർ)

അബ്ദുൾഹായ്

സി.എഛ്.മൊയ്തുട്ടി

കണ്ണൻ

പ്രേമ

രാധാകൃഷ്ണൻ.എ.പി

രാ‍ജൻ

ഉഷ.കെ

രാധാകൃഷ്ണൻ.കെ

വത്സല.എം

അലവിക്കുട്ടി

മൊയ്തുപ്പ

അബു-പാറപ്പുറത്ത്

അശോക് കുമാർ

സന്ധ്യ

ഇന്ദിര

ഗോപാലകൃഷ്ണൻ

ജ്യോതിലക്ഷ്മി.ടി.കെ

ശങ്കരനാരായണൻ.പി

കവിത ജോൺ

ദിവ്യ.സി.എസ്

ചന്ദ്രമതി.എ

രാജലക്ഷ്മിഅമ്മ.എ.പി

മനോജ്കുമാർ.എ.കെ

കഴിഞ്ഞ പി.ടി.എ ജനറൽബോഡി 01-07-2010 നു നടന്നു. ജനപങ്കാളിത്തം കൊണ്ട് ശക്തിയാർന്ന ഒരു യോഗമായിരുന്നു അത്. വന്ന മുഴുവൻ രക്ഷിതാക്കളേയും ചെറിയ ഗ്രൂപ്പുകളാക്കി 9 ക്ലാസുകൾ നടത്തി. രക്ഷിതാക്കൾക്ക് കുട്ടികളെ പഠനത്തിൽ സഹായിക്കാൻ വേണ്ട പഠനങ്ങളായിരുന്നു നടന്നത്. പങ്കെടുത്ത മുഴുവൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും വളരെ വലിയ ആവേശം ഉണ്ടാക്കാൻ ഈ ക്ലാസുകൾക്ക് കഴിഞ്ഞു.ഈ ജനറൽ ബോഡിയിൽ നിന്നും തെരെഞ്ഞെടുത്ത ഒരു എക്സിക്യൂട്ടീവ് സമിതി നിലവിൽ‌ വന്നു.4 തവണ യോഗംചേരുകയുംചെയ്തിട്ടുണ്ട്.

എന്റെ സ്കൂൾ

ജീവിതത്തിലെ വിലപ്പെട്ടൊരു ഓർമ്മയും ഏടുമാണ് സ്കൂൾ കാലം.നൂറാം വയസ്സിലും ഏതൊരാൾക്കും തന്റെ സ്കൂളും തന്റെ ടീച്ചർമാരും നൂറുനാവുകൾ നൽകുന്നു. ജയിച്ചവരും തോറ്റവരും ഞങ്ങൾക്ക് പ്രിയപ്പെട്ടവർ. ഒരു പക്ഷെ , ജയിച്ചവരേക്കാൾ ഞങ്ങളെ സ്നേഹിക്കുന്നത് തോറ്റവരാണ്. കാരണം പഠിക്കുന്ന കാലത്ത് ഞങ്ങൾ ഏറ്റവും ശ്രദ്ധിച്ചതും വളർത്താൻ ശ്രമിച്ചതും അവരെയാണ്. സ്കൂൾ വിട്ട് കഴിഞ്ഞാൽ കുട്ടികൾക്കും അതറിയാം.അന്ന് ടീച്ചർ പറഞ്ഞപോലെ കേട്ടിരുന്നെങ്കിൽ ജീവിതം മറ്റൊന്നായേനേ എന്നു ഇന്നവർ തിരിച്ചറിയുന്നുണ്ടാകും.

ഒന്നാം ക്ലാസുമുതൽ നമ്മെയൊക്കെ പഠിപ്പിച്ച നൂറുകണക്കിന്ന് അധ്യാപകരുണ്ട്.ഇതിൽ ഒരിക്കലും മായാതെ നമ്മുടെയൊക്കെ മനസ്സിൽ വാക്കും രൂപവുമായി നിലനിൽക്കുന്ന ഒന്നോ രണ്ടോ പേരുണ്ടല്ലോ. ബാക്കിയൊക്കെ മാഞ്ഞുപോയിട്ടും ഇവർ തിളങ്ങി നിൽക്കുന്നു. ഇവരിലൊരാളാവുകയാണ് ഒരധ്യാപകന്റെ/ അധ്യാപികയുടെ ഭാഗ്യം. ഇതു നിസ്സരമായ ഒരു കർമ്മമല്ല. കുട്ടിയുടെ ജീവിതം രൂപപ്പെടുത്തുന്നതിലെ ഒരു പങ്കു നിർവഹിക്കുകയാണ്.ഇക്കാര്യത്തിൽ ഞങ്ങൾക്ക് അഭിമാനിക്കാൻ ധാരാളം ഇടങ്ങളുണ്ട്.

മറ്റൊന്ന്, എല്ലാരും പറയാറുള്ള ഒന്നാണ്. മറ്റു സ്കൂളുകളെ അപേക്ഷിച്ച് എന്തെല്ലാം പരിമിതികളുണ്ടെങ്കിലും ഇവിടെനിന്ന് പഠിച്ചിറങ്ങുന്ന കുട്ടികൾ മറ്റു സ്കൂളുകളിലും കോളേജുകളിലും എത്തുമ്പോൾ ഏറ്റവും മിടുക്കന്മാരും മിടുക്കികളുമാവുന്നു. സാംസ്കാരികമായും വിദ്യാഭ്യാസപരമായും നമ്മുടെ കുട്ടികൾ ഏറ്റവും മുന്നിലാണ്. പെരുമാറ്റത്തിലും ജീവിതവിജയത്തിലും നമ്മുടെ കുട്ടികൾ ഏറ്റവും മുന്നിലാണ്. ഈ മട്ടിൽ കുട്ടികളെ രൂപപ്പെടുത്തുന്നതിൽ ഇവിടെയുള്ള അധ്യാപകർക്ക്/ അധ്യാപികമാർക്ക് അഭിമാനിക്കാൻ ഏറെ വകയുണ്ട്.

അറുപതുവർഷം പിന്നിട്ട മഹത്തായ ഒരു ചരിത്രവും പാരമ്പര്യവും നമ്മുടെ സ്കൂളിനുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിന്നൊരു സൌകര്യവുമില്ലാതിരുന്ന പണ്ടൊരിക്കൽ മണ്ണാർക്കാട് മൂപ്പിൽ നായർ , ദിവംഗതനായ കുന്നത്താട്ട് താത്തുണ്ണി മൂപ്പിൽ നായർ ഇവിടെ ഒരു വിദ്യാലയം സ്ഥാപിക്കുകയും ജാതിമത ധനിക ദരിദ്ര ഭേദങ്ങളില്ലാതെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ സൌകര്യമൊരുക്കുകയും ചെയ്ത ഒരു ചരിത്രവും പാരമ്പര്യവും നാം ഇന്നും നന്ദിപൂർവം പ്രയോജനപ്പെടുത്തുകയാണ്.ഇന്നേവരെ ഒരാൾക്കും ഈ സ്ഥാപനം വിദ്യ നിഷേധിച്ചിട്ടില്ല. സമൂഹത്തിലെ സമസ്തമേഖലകളിലും തിളങ്ങിനിൽക്കുന്ന പൂർവ വിദ്യാർഥികൾ നമ്മുടെ അഭിമാനം തന്നെയാണ്. ഈ സ്കൂളിനെ സ്നേഹിക്കുന്ന ഒരു വലിയ സമൂഹം ഇതിന്റെ കാച്ച്മെന്റ് ഏരിയയിൽ സജീവമാണ്. ആ വീടുകളിൽ നിന്നുള്ള കുട്ടികൾ അഭിമാനപൂർവം ഇന്നും എത്തുന്നത് ഈ സ്കൂൾ മുറ്റത്താണ്.അവരുടെ എണ്ണം 25000 ത്തിന്നടുത്തെത്തുകയാണ്.അതിലൊരാൾ

കൂട്ടുകാരനുമൊത്ത് തന്റെ പഴയ സ്കൂളിൽ എത്തുന്നു എന്നു കരുതുക.അവന്റെ, മാത്രമല്ല, നമ്മുടെയൊക്കെയും  വിചാരം ഇങ്ങനെ ആവാം…

ഒരു വിരൽ‌പ്പാടെടുക്കുവാൻ

ഞാനുമവനുമങ്ങനെ വന്നു നിൽക്കുമ്പോൾ

ഹൃദയപാഠത്തിൽ വത്സലടീച്ചർ

ചിരിപൊഴിച്ചിന്ദ്രവജ്ര പെയ്യുന്നു.

എവിടെ ഞാൻ നട്ട വേപ്പ്

റോസച്ചെടി

എവിടെയെന്റെ പ്രിയപ്പെട്ട ചെമ്പകം

എവിടെ ഞങ്ങടെ ക്ലാസ്‌മുറി

ബഞ്ചുകൾ, നിരനിരയായിരുന്ന സ്വപ്നാലയം

അടിയിലങ്ങനെ ചൂരൽ മറച്ചുവെച്ച്

അറികയില്ലെന്ന് ചൊല്ലിയ ഡസ്കുകൾ

ജലമുറങ്ങിത്തണുപ്പാർന്ന മൺകലം

ഇലയെറിഞ്ഞിട്ട ഭാഗ്യവും ഡസ്റ്ററും

എവിടെ ഞാൻ മുയൽച്ചിത്രം വരച്ചിട്ട കറുകറുപ്പ്

നിറചോക്ക് പുസ്തകം

എവിടെയാണെഴുത്തച്ചന്റെ താവളം

അവിടെയല്ലോ പുരാതന ഭൂപടം

അതിനുമപ്പുറം

ന്യൂട്ടൻ എഡിസൻ

അടിമവംശം അലാവുദ്ദീങ്ഖിൽജി

കവിതപോലെ സരോജിനി ടീച്ചർ

……………………

ഇതു കുചേലന്റെ കുട്ടികൾക്കാ‍ശ്രയം

തണൽമരം സ്നേഹസാന്നിധ്യ മുത്സവം

ഇതു പൊതിച്ചോറ് വാസനിക്കുന്നിടം

പ്രഥമ സൌഹൃദം പൂത്ത നദീ തടം

മതി, നിറുത്തുക

ഒരു തുള്ളിപോലും പറയരുത്

പരിക്കേറ്റ കുട്ടിഞാൻ

(കവിത: കുരീപ്പുഴ ശ്രീകുമാർ)

after discussion and additions only the report will be recored/ pta

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: