പത്രം-ഒരു പഠനോപകരണം

എല്ലാ പ്രമുഖപത്രങ്ങളും വിവിധസ്കീമുകളിലൂടെ നമ്മുടെ സ്കൂളുകളിൽ ഇന്ന് സാധാരണമായിരിക്കുന്നു. ഈ പത്രങ്ങളൊക്കെ നിത്യവും നമ്മുടെ ക്ലാസുകളിൽ കുട്ടികൾക്കെല്ലാം വായിക്കാൻ കിട്ടുന്നു എന്നതും നല്ലൊരു കാര്യം. എന്നാൽ ഇതെത്രമാത്രം ഫലപ്രദമായി കുട്ടികൾക്ക് പഠനോപകരണമാക്കാനാവുന്നു എന്നുപരിശോധിക്കുമ്പോഴാണ് നിരവധി  സാധ്യതകൾ നമുക്ക് മനസ്സിലാവുന്നത്.

 

ഞങ്ങളുടെ സ്കൂളിൽ എല്ലാ ക്ലാസിലും ഒരു ഇംഗ്ലീഷ് ദിനപത്രം (ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്) എന്നും എത്തുന്നുണ്ട്.(കുറച്ച് മലയാളം പത്രങ്ങളും). ഒരു വർഷം മുഴുവൻ പത്രം ലഭിക്കാൻ ഒരു കുട്ടി മുടക്കിയത് ` 5 മാത്രം! എല്ലാ കുട്ടിക്കും മറിച്ചുവായിക്കാൻ ഇഷ്ടമ്പോലെ പേജുകളും. സ്കൂൾ സമയത്ത് മുഴുവൻ കുട്ടികൾക്കും വായിച്ചുതീർക്കാനാവുന്നില്ല എന്നാണ് പുതിയ പരാതി.അതു പരിഹരിക്കാൻ ശ്രമം നടക്കുന്നു.

പത്രം ആരംഭിച്ച ദിവസം തന്നെ ഞങ്ങൾ അധ്യാപകർ പത്രം പഠനോപകരണമായിരിക്കണമെന്നു തീരുമാനിക്കുകയും അതിന്നുള്ള പ്രവർത്തനങ്ങൾ ആലോചിക്കുകയും ചെയ്തു. സാധാരണനിലയിൽ പത്രവായനയുടെ തുടർച്ച ഒരു പത്ര ക്വിസ്സ് ആണല്ലോ. സ്കൂളുകളിൽ പത്രം നൽകുമ്പോൾ പത്രക്കാർ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതും ഒരു ക്വിസ്സും വലിയ സമ്മാനവും തന്നെ.ഈ സാമ്പ്രദയം കൊണ്ട് പത്രവായന ക്ലാസ്മുറിയിൽ നടത്തപ്പെടുന്ന ഒരു കാര്യമെന്നതിൽ അധികസാധ്യതകളിലേക്ക് നയിക്കില്ല. എല്ലാ കുട്ടിയും പങ്കെടുക്കുന്ന- പത്രവായനയിൽ ഒരൽ‌പ്പസമയമെങ്കിലും പങ്കെടുത്തുവെന്നുറപ്പാക്കുന്ന ഒന്നും ഇതിലില്ലല്ലോ. അപ്പോൾ ഞങ്ങൾ ഇങ്ങനെ മൂന്നുകാര്യങ്ങളാണ് നിഷ്കർഷ ചെയ്തത്.

ഒന്ന്-    എല്ലാ കുട്ടിയും പത്രം ഒന്നോടിച്ചെങ്കിലും നോക്കിയിരിക്കണം

രണ്ട്-    എന്നും പത്രത്തിലെ ഒരു വിഭാഗമെങ്കിലും നന്നായി ശ്രദ്ധിച്ചിരിക്കണം

മൂന്ന്- ഇതെല്ലാം തുടർച്ചയായി റിക്കാർഡ് ചെയ്യപ്പെടണം. വരും കാലത്തേക്ക് പ്രയോജനപ്പെടണം.ഇതിന്റെ സ്വാഭാവികമായ തുടർച്ച എന്നനിലയിൽ കുട്ടിക്ക് പഠനപ്രവർത്തനങ്ങളിൽ -ഭാഷ, സാമൂഹ്യം, ശാസ്ത്രം, ഐ.ടി തുടങ്ങിയവയിൽ എല്ലാം – എന്തെങ്കിലും തരത്തിൽ സഹായകമായിരിക്കണം.

ഇതു പ്രാവർത്തികമാക്കാനായി ഓരോ ക്ലാസിലേക്കും അവരുടെ സാധ്യതപരിഗണിച്ച്, ക്ലാസ്ധ്യാപകരുടെ നേതൃത്വത്തിൽ പരിപാടികൾ തയ്യാറാക്കാൻ തുടങ്ങി. Paper Group (PG) കൾ രൂപീകരിച്ച് ഓരോക്ലാസിലും പ്രവർത്തനങ്ങൾ പ്ലാൻ ചെയ്തു. പരിപാടികൾ ഇങ്ങനെയൊക്കെയായിരുന്നു.

·         ഒരു ദിവസം 5 പുതിയ വാക്കുകൾ (വൊക്കാബുലറി ശേഷി) കണ്ടെത്താനും അതു രേഖപ്പെടുത്തി വെക്കാനും.

·         പത്രത്താളിലെ വിവിധ ഫോണ്ടുകൾ, ചിത്രാക്ഷരങ്ങൾ എന്നിവയുടെ ശേഖരണം

·         സവിശേഷമായ പരസ്യങ്ങളുടെ ശേഖരണം

·         സർക്കാർ പരസ്യങ്ങളുടെ ശേഖരണം

·         പത്രാധിപർക്കുള്ള കത്തുകളിലെ പ്രാധാന്യമർഹിക്കുന്ന ഒന്ന് ഒരു ദിവസം

·         പ്രാദേശിക വാർത്തകളിൽ ഒന്ന് ഓരോ ദിവസവും

·         സംസ്ഥാന വാർത്തകളിൽ പ്രധാനപ്പെട്ട ഒന്ന് ഓരോ ദിവസവും

·         മുഖ്യമന്ത്രിയുടെ പ്രസ്താവന, ബധപ്പെട്ട ഒരു വാർത്ത

·         പ്രധാന മന്ത്രിയുടെ പ്രസ്താവന, ബന്ധപ്പെട്ട വാർത്ത

·         ദേശീയ പ്രാധാന്യമുള്ള പ്രധാനപ്പെട്ട വാർത്ത

·         അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു വാർത്ത

·         സ്പോർട്ട്സ് വാർത്തകൾ

·         എഡിറ്റോറിയൽ

·         ലീഡ് പേജ്

·         പത്രാധിപർക്കുള്ള പ്രധാനപ്പെട്ട കത്തുകൾ രണ്ട് എണ്ണം

·         കോളങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്

·         ശാസ്ത്ര വാർത്തകളിൽ പ്രധാനപ്പെട്ട ഒന്ന്

·         വിദ്യാഭ്യാസരംഗം-വാർത്തകളിൽ പ്രധാനപ്പെട്ട ഒന്ന്

·         മികവാർന്ന വ്യക്തിത്വങ്ങൾ

·         സ്ത്രീ-വാർത്തകൾ

·         നയതന്ത്ര വാർത്തകൾ

·         ദേശീയ പുരോഗതി സൂചിപ്പിക്കുന്ന വാർത്തകൾ

·         കാർഷിക രംഗം

 

5 മുതൽ 10 വരെ ക്ലാസുകളിൽ, വിവിധ ഡിവിഷനുകളിൽ ഇതിലെ ഓരോ പ്രവർത്തനം നിശ്ചയിച്ചു. കുട്ടികളുടെ അവസ്ഥ വിലയിരുത്തിയാണ് തീരുമാനിച്ചത്. ചെറിയ ക്ലാസുകളിൽ ചെറിയ പ്രവർത്തനങ്ങളും മുതിർന്ന ക്ലാസുകളിൽ അതിന്നനുസരിച്ചും എന്നതായിരുന്നു മാനദണ്ഡം.

ഇതിന്റെ പ്രോസസ് മുഴുവൻ ഇതോടൊപ്പം ചർച്ചചെയ്തു.6-7 കുട്ടികളുടെ PG കൾ ഓരൊ ക്ലാസിലും രൂപീകരിച്ചു. ഒരോ ദിവസവും ഈ ഗ്രൂപ്പുകൾ പത്രത്തിലൂടെ കടന്നുപോകുമ്പൊൾ ലഭിക്കുന്നവയാണ് സമാഹരിക്കപ്പെടുക. ഈ സമാഹാരം ഓരോ ദിവസവും ഒരിടവേളയിൽ ഗ്രൂപ്പ് ലീഡർമാർ പരിശോധിച്ച് ക്ലാസ് സമാഹാരത്തിൽ ഉൾപ്പെടുത്തും.ഉൾപ്പെടുത്തേണ്ടവയെ പലവട്ടം ഊന്നി വായിക്കുകയും/ താരത‌മ്യം ചെയ്യുകയും വേണം. അധ്യാപകരുമായി സംസാരിച്ചും ഗ്രൂപ്പുകളിൽ ചർച്ച ചെയ്തും തീരുമാനിക്കണം . ഇതു ആദ്യദിവസങ്ങളിൽ ഒരു പേപ്പർബാഗിൽ സൂക്ഷിക്കുകയും പിന്നീടത് ഒരു ആൽബമാക്കി മാറ്റുകയും ചെയ്യും. അതിനെ ഏറ്റവും മികവുറ്റതാക്കിത്തീർക്കാൻ ക്ലാസധ്യാപകർ വേണ്ട സഹായം ചെയ്യും.

മികവ് നിർണ്ണയിക്കുന്നത് ഇതിലെ വിഭവങ്ങൾ എത്രമാത്രം പഠനപ്രവർത്തനങ്ങളിൽ പ്രയോജനപ്പെട്ടു എന്നു നോക്കിയാവും. അതു നിശ്ചയിക്കുന്നത് ക്ലാസിൽ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ സംഘംതന്നെയാണ്. അതോടൊപ്പം ഇതിന്റെ നിർമ്മിതിയിൽ എത്രകുട്ടികളുടെ ഇടപെടൽ ഉണ്ടായി എന്നും, എത്രമാത്രം അധ്വാനം നടന്നുവെന്നും- ചർച്ച, റഫറൻസ്, അന്വേഷണങ്ങൾ, തയ്യാറെടുപ്പുകൾ- ക്ലാസധ്യാപകർ നിരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും സമ്മാനങ്ങൾ നൽകുക. തയ്യാറാക്കുന്ന ആൽബം കടലാസ്രൂപത്തിൽ തന്നെ ആവണമെന്നില്ല.ഡിജിറ്റലായി ശേഖരിക്കാൻ (ബ്ലോഗ്, വീഡിയോ…) വേണ്ട സഹായങ്ങൾ നൽകും.

ഇത്രയും പ്രവർത്തനങ്ങൾ ക്ലാസുകളിൽ ഗ്രൂപ്പായും വ്യക്തിപരമായും നടക്കും. ഒഴിവുവേളകൾ ഇതിന്നായി വിനിയോഗിക്കാൻ വേണ്ട ജാഗ്രത കുട്ടികൾക്കുണ്ടാവുകയാണ്. ക്ലാസിൽ നിന്നും വെളിയിൽ വരുന്ന കുട്ടികളുടെ കയ്യിൽ ഒരു ഷീറ്റ്പത്രമെങ്കിലും കാണും. അതു മറിച്ചുനോക്കിയും വായിച്ചും ചർച്ചചെയ്തും കൈമാറിയും നടക്കുന്ന കുട്ടികൾ ഏതൊരു സ്കൂളിലും ഒരപൂർവകാഴ്ച്ച തന്നെയാണല്ലോ. അന്നന്നത്തെ പത്രക്കടലാസുകൾ പലപ്പോഴും വീട്ടിലാണങ്കിൽ പോലും കീറിപ്പറിഞ്ഞിരിക്കും.അതു മുഴുവൻ വായനകൊണ്ടുണ്ടാവുന്നതൊന്നുമല്ലല്ലോ. രാവിലെ വരുന്ന പത്രം കുറേവായിച്ചും കീറിപ്പറിച്ചും നിലം തുടച്ചും നാനാവിധമാക്കുന്ന രീതി കുട്ടികൾ പിന്തുടരുന്നില്ല. അന്നന്ന് വരുന്ന പത്രങ്ങൾ അവർക്ക് പഠനൊപകരണങ്ങളാണ്. സൂക്ഷിപ്പുകളാണ്. ഈ പ്രവർത്തനങ്ങൾ ശക്തിപ്പെടുന്നതോടെ കുട്ടികളുടെ ഒഴിവുസമയം പോലും രസകരമായിത്തീരുകയും അതെല്ലാം പഠനപ്രവർത്തനമായിത്തീരുകയും ചെയ്യുന്നു. അവരറിയാതെത്തന്നെ വളരുന്നു. സാമ്പ്രദായികമായ പത്രപാരായണം നമ്മുടെ ക്ലാസ്മുറികളിൽ പുതുചൈതന്യത്തോടെ മാറ്റങ്ങൾക്ക് വിധേയമാവുകയാണ്.

ഇതിന്നനുസരിച്ച് നമ്മുടെ പി.ടി.എ കളും, ത്രിതലപഞ്ചായത്തുകളും ആലോചിക്കേണ്ടതുണ്ട്. സാധാരണസ്കൂൾകുട്ടികൾക്ക് പത്രം ഒരു കിട്ടാക്കനിയാണിന്നും. 45-50 കുട്ടികളുള്ള ഒരു ക്ലാസിൽ (സവിശേഷമായും നാട്ടിൻപുറങ്ങളിൽ) ശരാശരി 4-5 കുട്ടികളുടെ വീട്ടിലാണ് നിത്യേന പത്രമെത്തുന്നത്. അതു വന്നാൽ തന്നെ മുതിർന്നവരാണ് ആദ്യവായനക്കാർ. അവരുടെ വായനയൊക്കെ കഴിഞ്ഞേ കുട്ടിക്ക് ചാൻസുള്ളൂ. കുട്ടികൾ വൈകുന്നേരം വരുമ്പോഴേക്ക് നേരത്തെപറഞ്ഞപോലെ പത്രം ചതഞ്ഞരഞ്ഞു കഴിഞ്ഞിരിക്കും. നാനാവിധമായ ഒരു പത്രം ഒരു പത്രപ്രേമിയും തൊടില്ല.പിന്നെ കുട്ടിയുടെ കാര്യം പറയാനുണ്ടോ? അതുകൊണ്ട് സർക്കാർ അടക്കം എല്ലാ തലങ്ങളിലും ഉള്ള ഭരണഘടകങ്ങൾ കുട്ടികൾക്ക് പത്രമെത്തിക്കനുള്ള നടപടികൾ കൈക്കൊള്ളുമോ എന്നതാണ് തീരുമാനിക്കേണ്ടത്. പി.ടി.എ യുടെ പ്രധാന ചുമതകളിൽ ആദ്യത്തേത്ത്  എല്ലാ ക്ലാസിലും ഒന്നോ രണ്ടോ പത്രങ്ങൾ എത്തിക്കുന്നതിലായിരിക്കണം. യൂനിഫോമും ഫീസും ബാഗും കുടയും  ഉച്ച ഭക്ഷണവും മുട്ടയും പഴവും സ്കോളർഷിപ്പുകളും മുട്ടാതെ കൊടുക്കുന്ന സമൂഹത്തിന്ന് വായിക്കാൻ ഒന്നോ രണ്ടൊ പത്രങ്ങളും സംഘടിപ്പിക്കുന്നതിന്ന് വലിയ പ്രയാസമൊന്നും ഉണ്ടാവില്ല. ഇതിന്റെ സാധ്യതകളും ആവശ്യവും ഒന്നുകൂടി ബോധ്യപ്പെടുകയേ വേണ്ടൂ.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: