Archive for March, 2011

14/03/2011

Take Care my students

14-03-2011. എസ്.എസ്.എൽ.സി.പരീക്ഷ ആരംഭിക്കുന്നു.രാവിലെ 9 മണിക്ക് തന്നെ കുട്ടികളെല്ലാം സ്കൂളിൽ എത്തിയിട്ടുണ്ട്.നേരത്തെ പറഞ്ഞുറപ്പിച്ചതാണ്. പരീക്ഷ 1.30 നു മാത്രമേ തുടങ്ങൂ. അധ്യാപകരെല്ലാം നേരത്തെ എത്തി. കുട്ടികൾ ചെറിയ തോതിൽ ആകാംഷയിൽ തന്നെ. ഓരോ മാഷമ്മാരും ടീച്ചർമാരും വളരെ സ്നേഹപൂർവം 8-10 കുട്ടികളെ വിളിച്ച് ഒരിടത്ത് ഒന്നിച്ചിരുത്തി. ഭക്ഷണം കഴിച്ചോ/ ഇന്നലെ എപ്പോഴാ കിടന്നത്/ ഒക്കെ നോക്കിയോ…ഒരൽ‌പ്പം കുശലം. കുട്ടികളുടെ ടെൻഷൻ അൽ‌പ്പമൊന്നയഞ്ഞു. ശരി…ഒരാവർത്തികൂടി ഒക്കെ ഒന്നു നോക്കുക…എന്തെങ്കിലും സഹായം വേണമെങ്കിൽ പറയിൻ….അധ്യാപിക.

കുട്ടികൾ ഒറ്റക്കും കൂട്ടായും പിന്നെ പരീക്ഷക്ക് തയ്യാറെടുപ്പു തന്നെ. ചിലർ ചില സംശയങ്ങൾ ചോദിച്ചു. അധ്യപിക (മറ്റുള്ളവരുമായി ബന്ധപ്പെട്ട്) സംശയങ്ങൾക്ക് മറുപടി ഉണ്ടാക്കി. അതിനിടക്ക് ചയ-ബിസ്കറ്റ് വന്നു. കുട്ടികൾ ഇരുന്നും നിന്നും നടന്നും പാഠഭാഗങ്ങളിൽ തന്നെ. ഇടയ്ക്ക് അധ്യാപിക ചില കാര്യങ്ങൽ ഓർമ്മിപ്പിക്കുന്നു. പരീക്ഷക്ക് വേണ്ട സാമഗ്രികൾ/ ഹാൾടിക്കറ്റ്/ കുടിവെള്ളം/

ചില പാഠഭാഗങ്ങൾ (നേരത്തെ തയ്യാറാക്കിയ കുറിപ്പുകൾ വെച്ച്) ഒന്നു കൂടി ശ്രദ്ധിക്കാൻ നിർദ്ദേശിക്കുന്നു. കുട്ടികൾ ഒരു വട്ടം കൂടി എല്ലാം നോക്കുന്നു. സംശയങ്ങൾ ചോദിക്കുന്നു.

ഇടക്ക് ഒരൽ‌പ്പം ഓഫ് ടോപ്പിക്: ജയിച്ചാൽ എന്താ പരിപാടി? ഏതിനാ ചേരുക…സാധ്യതകൾ വിവരിക്കുന്നു.അതിനിപ്പോ നന്നായി ശ്രദ്ധിക്കണം. കുട്ടികൾ വിജയം സ്വയം ഉറപ്പാക്കുന്നു.

ഉച്ച. 12.30: ഭക്ഷണം റഡി. അറിയിപ്പ് വന്നു. അധ്യാപകരും കുട്ടികളും (ചെറുഗ്രൂപ്പുകൾ) ഒന്നിച്ച് ഭക്ഷണത്തിന്ന്. ഒന്നിച്ചിരുന്ന് ഉണ്ടു. വർത്തമാനം പരീക്ഷാ സംബന്ധമായ കാര്യങ്ങൾ തന്നെ. ടെൻഷനടിച്ചിരിക്കുന്ന കുട്ടികളെ പ്രത്യേകമായി ശ്രദ്ധിക്കുന്ന ടീച്ചർ അവരെ ഉഷാറാക്കുന്നു. ചെറിയ തമാശകൾ…ചിരികൾ…

വീണ്ടും പഴയ പഠനഗ്രൂപുകൾ കൂടിയിരിക്കുന്നു. 1.30 നു ഫസ്റ്റ് ബെല്ല്. അധ്യാപിക തന്റെ 8-10 കുട്ടികളേയും കൂട്ടി പരീക്ഷാ ഹാളിലേക്ക് . സീറ്റുകളിൽ ഇരുത്തി. പരീക്ഷാ സാമഗ്രികളൊക്കെ ഒരുക്കി ക്കൊടുത്തു. പരീക്ഷക്കുള്ള മാഷ് വരുന്നതുവരെ കുട്ടികളുടെ സൌകര്യങ്ങൾ ശ്രദ്ധിച്ചു. മാഷ് വന്നപ്പോൾ എല്ലാവരും വിഷ് ചെയ്തു. കുട്ടികൾക്കെല്ലാം കൈകൊടുത്ത് പുറത്ത് തട്ടി നന്നായി ചെയ്യണേ…എന്ന് സൂചിപ്പിച്ച് ഹാളിൽ നിന്നിറങ്ങി.

പരീക്ഷ കഴിഞ്ഞുള്ള ബെല്ല്: കുട്ടികൾ പുറത്തിറങ്ങുമ്പോൾ അധ്യാപിക വാതിൽക്കൽ. എല്ലാവരേയും പുറത്ത് തട്ടി സന്തോഷം പങ്കിടുന്നു. ഒരിടത്ത് ഒരൽ‌പ്പനേരം ഒന്നിച്ചിരിക്കുന്നു. കഴിഞ്ഞ പരീക്ഷയെ കുറിച്ചിനി ചർച്ചയില്ല. നാളത്തെ പരീക്ഷക്കുവേണ്ട തയ്യാറേടുപ്പിന്നായി പരസ്പരം ആശംസകൾ നേർന്ന് പിരിഞ്ഞു.

13/03/2011

ഹാൾ ടിക്കറ്റുകൾ വിതരണം ചെയ്യരുത്

വാർത്ത: ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷക്കിരിക്കുന്നവരുടെ ഹാൾ ടിക്കറ്റുകൾ 10-3-2011 നു ഉച്ചക്കുശേഷം ഓഫീസിൽ നിന്ന് വിതരണം ചെയ്യുന്നതാണ്. മുഴുവൻ പരീക്ഷാർഥികളും നേരിൽ വന്ന് ഹാൾടിക്കറ്റുകൾ കൈപ്പറ്റേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

മിക്ക പത്രങ്ങളിലും ഈ ഒരു വാർത്ത പരീക്ഷയടുക്കുമ്പോൾ പതിവാണ്. കുട്ടികൾ ഉഷാറായി വന്ന് ഹാൾടിക്കറ്റുകൾ കൈപ്പറ്റുകയും ചെയ്യും. എല്ലാവർക്കും സമയത്തു തന്നെ കൊടുത്തു എന്ന ആശ്വാസം പ്രിസിപ്പലിനും മറ്റുള്ളവർക്കും. ഇനി പരീക്ഷക്ക് കാണാം!

എസ്.എസ്.എൽ.സി കുട്ടി ‘കുട്ടി’ തന്നെയാണ്. കിട്ടിയ ഹാൾടിക്കറ്റ് വായിച്ചുനോക്കുന്നവർ വളരെ വളരെ കുറവാണല്ലോ. അതിൽ ആദ്യഭാഗത്ത് ചേർത്തിരിക്കുന്ന വിശദാംശങ്ങൾ പോലും നേരേ ചൊവ്വെ നോക്കുന്നവർ ഇല്ല. ആകെ ശ്രദ്ധിച്ചു നോക്കുന്നത് റജിസ്റ്റർ നമ്പർ മാത്രം. പിന്നെ കുനുകുനെ മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയതൊക്കെ അവിടെ കിടക്കും. ക്ലാസിൽ വെച്ചു പരീക്ഷയെകുറിച്ചുള്ള ഒരുക്കങ്ങളിൽ അധ്യാപകർ പറഞ്ഞുകൊടുത്ത ചില സംഗതികൾ മാത്രം മനസിൽ ഉണ്ട്. അതു മാത്രം.

എന്റെ സ്കൂളിൽ  04-03-2011 നു ഒരു മുഴുവൻ ദിവസ പഠനപ്രവർത്തനമായി ഹാൾടിക്കറ്റ് വിതരണം നടന്നു. ഹൾടിക്കറ്റ് പോലും ഒരു പഠനോപകരണമാക്കാൻ അധ്യാപകർ ശ്രദ്ധിച്ചതിന്റെ ഗുണം കുട്ടിക്ക് തീർച്ചയായും ഉണ്ടാവും എന്നു കരുതുന്നു. പ്രധാനമായും മലയാളം, ഇംഗ്ലീഷ് ഭാഷാ പഠനത്തിന്നായി ഹാൾടിക്കറ്റ് പ്രയോജനപ്പെടുത്താം. നേരിട്ടുള്ള വായനയും ഉള്ളടക്കം മനസ്സിലാക്കലും അധ്യാപകന്റെ സാന്നിധ്യത്തിലാവുമ്പോൾ കുറേകൂടി പ്രയോജനപ്പെടുന്നുണ്ട്. മാത്രമല്ല ഭാഷയുടെ വ്യവഹാരരൂപങ്ങൾ കുട്ടി നേരിട്ട് ഒരിക്കൽ കൂടി കാണുകയും വ്യാഖ്യനിക്കുകയും ചെയ്യുന്നതും ഭാഷാ ക്ലാസിൽ ഉപകാരപ്പെടും.

  • ഫോറം-പൂരിപ്പിക്കൽ
  • പ്രൊഫൈൽ
  • അക്കമിട്ടെഴുതിയ വസ്തുതകൾ
  • പട്ടിക (ടയിംടേബിൾ) വ്യാഖ്യാനം
  • നിർദ്ദേശവാക്യം
  • ചിൻഹനം
  • തർജ്ജിമ
  • സംക്ഷിപ്തത
  • സമഗ്രത
  • ലഘുവാക്യങ്ങൾ
  • സങ്കീർണ്ണ-മഹാവാക്യങ്ങൾ
  • ഡയടക്ട്-ഇൻഡയറക്റ്റ് വാക്യങ്ങൾ
  • ഓഫീസ് ഭാഷ- സാധാരണ ഭാഷ
  • പരീക്ഷാ സംബന്ധിയായ പദാവലി
  • പദപ്രയോഗ ഭംഗി
  • .

ഇങ്ങനെ നിരവധി കാര്യങ്ങൾ ഭാഷാപരമായി മാത്രമുള്ളവ കുട്ടിയുമായി സംസാരിക്കുമ്പോൾ അവളുടെ ശ്രദ്ധയിൽ പെടുത്താൻ കഴിയും.

ഇതിന്നായി ഞങ്ങൾ ചെയ്തത് 20 കുട്ടികൾ 2 അധ്യാപകർ എന്ന നിലയിൽ ചെറിയ ഗ്രൂപ്പുകളാക്കി. കൂടെ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളിൽ ഒന്നോ രണ്ടോ പേരും. ഹാൾടിക്കറ്റ്, ഉത്തരമെഴുതാനുള്ള മെയിൻ ആൻസർ ബുക്ക്, അഡീഷനൽ ആൻസർപേപ്പർ എന്നിവയുമായി ഒരു മണിക്കൂറിലധികം സമയം ഒന്നിച്ചിരുന്നു. കുട്ടികളോടൊപ്പം ഹാൾടിക്കറ്റ് വായിക്കൽ, പരിശോധന-(തെറ്റുകൾ) എന്നിവ നടന്നു. ഹാൾടിക്കറ്റുകൾ അധ്യാപകർ പോലും ആദ്യമായിട്ടാണ് പൂർണ്ണമായും വായിക്കുന്നത് എന്നു അനുഭവപ്പെട്ടു.

ഇതു സൂചിപ്പിക്കുന്നത് ഹാൾടിക്കറ്റുകൾ വിതരണം ചെയ്യലല്ല മറിച്ച് അതൊരു പഠനോപകരണമാക്കുകയാണ് ചെയ്യേണ്ടതെന്ന സമാന്യ ധാരണ ഉണ്ടാക്കുകയായിരുന്നു. പുല്ലുപോലും ആയുധമാക്കാനുള്ള വല്ലഭത്വം മാഷക്ക് ഉണ്ടാവട്ടെ.